Friday, November 13, 2009

"പ്രിയനേ നീ.."

ചിറകറ്റു വീണിട്ടും
തമസിന്റെ ലോകത്തൊരറ-
കെട്ടിയളയിട്ടിരുന്നിട്ടുമെന്‍
നഗ്നത തേടുന്ന കരിനിഴല്‍
ഭൂതങ്ങള്‍,നിശയിലും
നിദ്രാവിഹീനമാം
വിഹ്വലയാമങ്ങള്‍,
നിശബ്ദമായ് തേങ്ങിയൊ-
ന്നോടിയൊളിക്കുവാന്‍
ഉഴകണ്ണു പായിച്ചോരാ-
യിരം കനവുകള്‍.

ഈ സ്വത്വസത്വബോധങ്ങളെന്നെ
മൃതിയിലേക്കാഴ്ത്തുമ്പോള്‍
നിന്നിടനെഞ്ചു ചേര്‍ന്നൊന്നു
പൊട്ടിക്കരയുവാനിയെന്നു വരും
എല്ലുന്തിച്ചടച്ചൊരാ
മാറത്തെനിക്കായൊരി
ത്തിരിയിടം മാറ്റിവച്ചിനി
എന്നു വരും പ്രിയനേ നീ
എന്നു വരും, നിന്‍ സഖിയെന്നെ
മാറോടണച്ചീ കണ്ണീരൊപ്പുവാന്‍.
സ്നേഹ സാന്ത്വനമായ്‌
എന്നെയുറക്കുവാന്‍...

"മഴത്തുള്ളി..."

വാരിയോലത്തുമ്പില്‍ നിന്നിറ്റു
വീഴുന്ന മഴത്തുള്ളിക്ക് എന്റെ
കണ്ണീരിന്നുപ്പുരസമുണ്ടെന്നു
ഒരിക്കല്‍ നീയറിയും, നീ
കിലുകിലെക്കിലുക്കിപ്പൊട്ടിച്ചി
രിച്ചയെന്‍
മൈലാഞ്ചിക്കയ്യിലെ കുപ്പിവളകള്‍ക്കിന്ന്
ചിലമ്പിച്ച തേങ്ങലിന്നീണമാ-
ണെന്നു നീ തിരിച്ചറിയും.
നെഞ്ചകം പിളര്‍ന്നിറ്റെന്‍ ചുടുചോര
മണ്ണില്‍ വീണൊഴുകുമ്പൊഴെങ്കിലും
നീയറിയും നിന്‍ വിപ്ലവച്ചൂടിലും
പ്രണയം കുരുക്കുമെന്ന് എന്‍
നിണമതില്‍ വളമാകുമെന്ന്..

Thursday, November 12, 2009

ഞാനും... :)

ബൂലോകം സുന്ദരം.
കുളിര്‍ തെന്നല്‍ പോലെ,
നനുത്ത മഴ പോലെ.

കുളിരിലലിയാന്‍,
മഴയില്‍ നനയാന്‍
ഞാനും കൂടിക്കോട്ടേ..
എഴുത്തു വശമില്ല
വായനയാണു ലക്ഷ്യം.